ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് കിങ് ഇവി മാക്സ് എന്ന പേരിലാണ് ബ്ലൂടൂത്ത് കണക്റ്റഡ് പാസഞ്ചർ ഇലക്ട്രിക് ത്രീവീലർ പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്ക് ഉതകുന്ന രീതിയിലാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഏറ്റവും മികച്ച ഫീച്ചറുകളും നൂതന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ് മോഡൽ എത്തിയിരിക്കുന്നത്.
ഒറ്റ ചാർജിൽ 179 കിലോമീറ്റർ റെയ്‌ഞ്ചാണ് കിങ് ഇ.വി. മാക്സ് വാഗ്ദാനം ചെയ്യുന്നത്. 0-80 ശതമാനം ചാർജിന് 2.15 മണിക്കൂറും 100 ശതമാനം ചാർജ് ആവാൻ 3.5 മണിക്കൂറും മാത്രം മതിയാവും. 51.2 വി ലിഥിയം അയൺ എൽ.എഫ്.പി. ബാറ്ററിയാണ് കിങ് ഇ.വി. മാക്സിന് ഊർജം പകരുന്നത്. ഇതിനുപുറമേ ഇവി ബാറ്ററിക്ക് 6 വർഷം അല്ലെങ്കിൽ 150,000 കിലോമീറ്റർ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു. ടിവിഎസ് SmartXonnect™ ഉപയോഗിച്ചാണ് ഇ-ത്രീവീലർ കണക്റ്റ് ചെയ്യാനാകുക. ഇതിലൂടെ നാവിഗേഷൻ, മറ്റ് വിവരങ്ങൾ തുടങ്ങിയവ അറിയാം. lithium-ion 51.2V LFP ബാറ്ററിയാണ് കിങ് ഇവി മാക്സിന്റെ സവിശേഷത. വിശാലമായ ക്യാബിനും സുഖമായി ഇരിക്കാൻ കഴിയുന്ന സീറ്റുകളും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
2,95,000 രൂപയാണ് എക്സ് ഷോറൂം വില. യുപി, ബിഹാര്‍, ജമ്മു കശ്മീര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് കിങ് ഇവി മാക്സ് ഇപ്പോള്‍ ലഭ്യമാണ്.