ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്.
ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അതിനായി ഒരുപിടി അളവിൽ ചെറിയ ഉള്ളി എടുത്ത് അതൊന്ന് ചതച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ ഒരുപിടി അളവിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ കൂടി ചതച്ചെടുത്ത മാറ്റിവയ്ക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചതച്ചുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അല്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക.
ഈയൊരു കൂട്ടിലേക്ക് അരിഞ്ഞുവെച്ച കായയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ, അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ ഒരു വലിയ തക്കാളി അരിഞ്ഞെടുത്തതും, പച്ചമുളക് കീറിയതും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. ശേഷം കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും, വറ്റൽമുളകും, ചെറിയ ഉള്ളിയും ഇട്ട് ഒന്ന് വറുത്തെടുക്കുക. ഈയൊരു താളിപ്പ് കൂടി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്.