പൊതുമാപ്പ് കാലയളവിൽ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെ ആദരിച്ച് ദുബായ്. താമസ-കുടിയേറ്റകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് ആദരം ഏർപ്പെടുത്തിയത്. മനുഷ്യത്വപരവും നിയമപരവുമായ ഉത്തരവാദിത്തമാണ് ജീവനക്കാർ വിജയകരമായി പൂർത്തിയാക്കിയതെന്ന് വകുപ്പ് മേധാവി മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു. പൊതുമാപ്പ് നടപ്പിലാക്കിയതിലൂടെ നിരവധി ആളുകൾക്ക് തങ്ങളുടെ ജീവിതം നവീകരിക്കാനുള്ള അവസരം ലഭിച്ചെന്നും അത് സമൂഹത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വലിയ കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദരവിന് ശേഷം പൊതുമാപ്പ് കാലത്തെ സേവനങ്ങൾ വിശദീകരിക്കുന്ന ഹ്രസ്വ ചിത്രവും താമസ കുടിയേറ്റകാര്യ വകുപ്പ് പുറത്തിറക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ്. ഇക്കാലയളവിൽ ദുബായിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയാണ് താമസ – കുടിയേറ്റകാര്യ വകുപ്പ് ആദരിച്ചത്. 390 ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഇതിലൂടെ ആദരം ഏറ്റുവാങ്ങിയത്. വിവിധ മേഖലയിലുള്ളവരുടെ പരസ്പര സഹകരണത്തോടെ താമസ വിസാ നിയമലംഘകർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച രീതിയിൽ നൽകാനായി. രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. നാല് മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലയളവിൽ ഒട്ടേറെ വെല്ലുവിളികളുണ്ടായെന്നും മനുഷ്യത്വം നിലനിർത്തികൊണ്ടുള്ള മികച്ച സമീപനമാണ് പൊതുമാപ്പിനെ വിജയത്തിലെത്തിച്ചതെന്നും മുഹമ്മദ് അഹമ്മദ് അൽ മറി വിശദീകരിച്ചു. ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
വിവിധ ടീമുകളായി തിരിച്ചുള്ള ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതായിരുന്നു ഡോക്യുമെന്ററി. പൊതുമാപ്പിന്‍റെ വിജയത്തിന് സംഭാവന നൽകിയ എല്ലാ ടീമുകളുടെയും മികച്ച പ്രവർത്തനങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. അപേക്ഷകരെ സ്വാഗതം ചെയ്തുകൊണ്ടും അവർക്ക് ആവശ്യമായ പിന്തുണ നൽകിയും സേവന കേന്ദ്ര ടീമുകളുടെയും മാധ്യമ ടീമുകളുടെയും പ്രവർത്തനങ്ങളും ഡോക്യുമെന്‍ററിയിൽ അവതരിപ്പിച്ചു.