Business

ബജാജ് ഫിനാൻസും എയർടെലും കൈകോർക്കുന്നു, ലക്ഷ്യം സാമ്പത്തിക സേവനങ്ങൾക്കുള്ള ബൃഹത്തായ സംവിധാനം

ടെലികോം സേവനദാതാവായ ഭാരതി എയർടെലും സ്വകാര്യ മേഖല ബാങ്കിതര ധനകാര്യ സേവന കമ്പനിയായ ബജാജ് ഫിനാൻസും കൈകോർക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി തുടക്കത്തിൽ ബജാജ് ഫിനാൻസിന്റെ റീട്ടെയിൽ ധനകാര്യ ഉത്പന്നങ്ങൾ എയർടെൽ തങ്ങളുടെ താങ്ക്സ് ആപ്പിലൂടെയും പിന്നീട് സ്റ്റോറുകളുടെ ശൃംഖലയിലൂടെയും നൽകും. ഇതോടെ ബജാജ് ഫിനാൻസിന്റെ പ്രധാന ഉത്പന്നങ്ങൾ ഭാരതി എയർടെൽ വരിക്കാർക്ക് ലഭ്യമാവുമെന്ന് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിറ്റൽ വ്യക്തമാക്കി. 370 മില്യൺ വരുന്ന എയർടെലിന്റെ ഉപഭോക്തൃ അടിത്തറയും, 12 ലക്ഷത്തിലധികം ശക്തമായ വിതരണ ശൃംഖലയും, ബജാജ് ഫിനാൻസിന്റെ വൈവിധ്യമാർന്ന 27 ഉൽപ്പന്ന ലൈനുകൾ, 5,000 ലധികം ശാഖകൾ 70,000-ത്തിലധികം ഫീൽഡ് ഏജന്റുമാർ എന്നിവരുൾപ്പെടുന്ന വിതരണ ശൃംഖലയും ഒന്നിച്ചു ചേർക്കുന്ന ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണിത്.

തുടക്കത്തിൽ എയർടെൽ താങ്ക്‌സ് ആപ്പിൽ ബജാജ് ഫിനാൻസ് ഉത്പന്നങ്ങൾ ലഭ്യമാകും പിന്നീട് രാജ്യത്തെ എല്ലാ സ്റ്റോറുകളിലും ലഭ്യമാകും. ഇങ്ങനെയാണ് രീതി. നിലവിൽ എയർടെൽ താങ്ക്‌സ് ആപ്പിൽ രണ്ട് വായ്പാ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസത്തോടെ സ്വർണപ്പണയ വായ്പ, ബിസിനസ് ലോൺ, വ്യക്തിഗത വായ്പകൾ, കോ-ബ്രാൻഡഡ് ഇൻസ്റ്റാ ഇഎംഐ കാർഡ് എന്നിവ ലഭ്യമാവും.

ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം ഡാറ്റാ-അധിഷ്ഠിത ക്രെഡിറ്റ് അണ്ടർ റൈറ്റിംഗിന്റെയും സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും പ്രധാനഭാഗമാണ്. എയർടെല്ലുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലെ പ്രമുഖവും ഏറ്റവും വിശ്വസനീയവുമായ രണ്ട് ബ്രാൻഡുകളുടെ വൈദഗ്ധ്യവും വ്യാപ്തിയും ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുന്നു. എയർടെല്ലുമായി ചേർന്ന്, ഞങ്ങൾ ഇന്ത്യയിലെ കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന ധനകാര്യ സ്ഥാപനമാകാനും വിദൂര പ്രദേശങ്ങളിൽ പോലും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനും ശ്രമിക്കുന്നു എന്നിങ്ങനെയാണ് കാഴ്ചപ്പാടെന്ന് ഇരുകൂട്ടരും അഭിപ്രായപ്പെട്ടു.