കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഉപക്ഷേപത്തിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.
ഇതിനു മറുപടിയായാണ് കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. 38- 40 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഏതു ഘട്ടത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും എടുത്ത നിലപാടിനെ എതിര്‍ത്തത്. നിങ്ങള്‍ എടുത്ത നിലപാടുകളുടെ ഒപ്പം നിന്നു. പരാജയത്തിലും വിജയത്തിലും കൂട്ടുനിന്നു. ഒരു സുപ്രഭാതത്തില്‍ കേരള കോണ്‍ഗ്രസിന് യുഡിഎഫിന്റെ ഭാഗമാകാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കണ്ടിച്ചു താഴേക്ക് വച്ചു. ഞങ്ങളും മലയോര കര്‍ഷകരും പെരുവഴിയില്‍ നില്‍ക്കണോ?.
ആ മലയോര കര്‍ഷകരെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ഈ പിണറായി വിജയനും കൂട്ടരും ഉണ്ടായിരുന്നു. ആ പിണറായി സര്‍ക്കാരിനൊപ്പം അതിന്റെ ഭാഗമായി നിന്നുകൊണ്ട് ആ മലയോര കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ 100 ശതമാനം വിജയിച്ചു എന്നാണ് ഞങ്ങളുടെ കണക്ക്. ഏതെങ്കിലും കര്‍ഷകന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആ വിഷയം പരിഹരിക്കപ്പെടും. അതിനുള്ള നടപടിയെടുക്കാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരിനൊപ്പം കേരള കോണ്‍ഗ്രസ് ഉറച്ചുനല്‍ക്കും.’ – എന്നായിരുന്നു റോഷി അഗസ്റ്റിന്റെ മറുപടി. ഭരണപക്ഷം കൈയടികളോടെയാണ് റോഷിയുടെ മറുപടി സ്വീകരിച്ചത്.
ഭൂപതിവ് ഭേദഗതി ബില്ല് അവതരം തടസപ്പെടുത്താന്‍ മാത്യു കുഴല്‍നാടന്‍ ശ്രമിച്ചതും മന്ത്രി റോഷി അഗസ്റ്റിന്‍ ഓര്‍മിപ്പിച്ചു. ആശുപത്രി കിടക്കയില്‍ നിന്നാണ് ബില്‍ സഭ ചര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുക്കാന്‍ എത്തിയത്. പി.ജെ. ജോസഫും മോന്‍സ് ജോസഫും ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉള്‍പ്പെടെ പിന്തുണച്ച് വോട്ടെടുപ്പില്ലാതെ ഒറ്റക്കെട്ടായാണ് നിയമം പാസാക്കിയത്. പിന്നീട് ഇവര്‍ ഇതിനെതിരേ പല വേദികളിലും സമരം ചെയ്തതും ജനം കണ്ടു. സഭയ്ക്ക് അകത്ത് ഒരു നയവും പുറത്ത് മറ്റൊരു നയവും പറയുന്ന ഇവര്‍ തങ്ങളെ കര്‍ഷക പ്രേമം പഠിപ്പിക്കാന്‍ വരേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഓര്‍മിപ്പിച്ചു.
content high lights; UDF ‘saw’ on the highway: Pinarayi held hands; Minister Roshi Augustine clarified party policy; The minister said that the government is committed to solving the problems of farmers