Kerala

‘ഇവിടെ വെന്‍റിലേറ്റര്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല; ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ല’; സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി | veena george rejects cag allegations on ppe kit purchase

പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവി‍ഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മഹാമാരിയുടെ രണ്ടുഘട്ടങ്ങളെ കേരളം അതിജീവിച്ചു. ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ലെന്നും വെന്‍റിലേറ്റര്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കോവിഡ് കാലത്തു വിദേശരാജ്യങ്ങളിൽ നിന്നുപോലും കേരളത്തിലേക്കു ചികിത്സയ്ക്കായി ആളുകൾ വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണു കേരളം. 9 ശതമാനത്തില്‍ താഴെയാണു കേന്ദ്ര സഹായമെന്നും വീണാ ജോർജ് പറഞ്ഞു.

ഗുണമേന്മ ഉറപ്പുവരുത്തിയാണു മരുന്നു വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചില താൽക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്നു മാത്രമാണു കേരളം അനുവദിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

CONTENT HIGHLIGHT: veena george rejects cag allegations on ppe kit purchase