India

ഒറ്റ ട്രോളിയില്‍ അഗാധ ഗര്‍ത്തത്തിലുള്ള പുഴ മറികടക്കുന്ന സ്‌കൂള്‍ കുട്ടികളുടെ പ്രവൃത്തി കണ്ടാല്‍ ആരും ഞെട്ടും; കാണാം കുമയോണ്‍ മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ഉത്തരാഖണ്ഡിലെ മുന്‍സിയാരിക്ക് സമീപമുള്ള കുമയോണ്‍ മേഖലയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. സ്‌കൂള്‍ കുട്ടികള്‍ ദൈനംദിനം നേരിടുന്ന വലിയ വെല്ലുവിളിയുടെ ഭയാനകരമായ വീഡിയോ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഹിമാലയന്‍ പര്‍വതനിരകളുടെയും ഒഴുകുന്ന നദിയുടെയും പശ്ചാത്തലത്തില്‍ ഒരു നദിക്ക് കുറുകെ ഒരു ട്രോളിയില്‍ സ്‌കൂളിലേക്കു പോകുന്ന കുട്ടികളുടെ രണ്ടു വീഡിയോകളാണ് വൈറലായിരിക്കുന്നത്. മറുകരയിലുള്ള സഹപാഠികളെ ഇപ്പുറത്തേക്ക് എത്തിക്കാന്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കയര്‍ വലിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുന്നു . പെണ്‍കുട്ടികള്‍ പിന്നീട് ട്രോളിയില്‍ കയറുകയും നദി മുറിച്ചുകടക്കാന്‍ അത് സ്വമേധയാ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു, സ്‌കൂളില്‍ എത്താന്‍ അവര്‍ നടത്തുന്ന ദൈനംദിന പ്രവൃത്തിയാണിത്. ചെറിയ ട്രോളിയില്‍ കഷ്ടിച്ച രണ്ടു പേര്‍ക്കിരിക്കാം. മുകളിലെ വലിയ ഇരുമ്പ് റോപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രോളിയുടെ രണ്ടു വശങ്ങളിലും കെട്ടിയിട്ടിരിക്കുന്ന വടം വലിച്ചാണ് ഇരുവശങ്ങളിലേക്കും ട്രോളിയെ എത്തിക്കുന്നത്.

ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള മാല്‍ദേവ്തയ്ക്കപ്പുറം 10-17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന 70-ഓളം ഗ്രാമങ്ങളുടെ ഒരു കൂട്ടം നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്നു. ഒരു വശത്ത് ഡെറാഡൂണും മറുവശത്ത് തെഹ്രിയും ഉള്ളതിനാല്‍ ട്രോളി ഗ്രാമീണര്‍ക്ക് ഒരു നിര്‍ണായക കണ്ണിയാണ്. 2025ലും ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്ന ഒരു മനുഷ്യന്‍ ‘2025 ഹായ്” എന്ന് പരാമര്‍ശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രദേശത്തെ വികസന പുരോഗതിയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ”ഐസേ ഹോഗാ വികാസ്” എന്ന് തുടര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ രണ്ടു വീഡിയോ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പലരും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ കമന്റ് വിഭാഗത്തിലെത്തി. ഒരു ഉപയോക്താവ് എഴുതി, ഇത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്.മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, സങ്കടം മാത്രം. പലരും ഹൃദയം തകര്‍ന്ന ഇമോജികളുമായി പോസ്റ്റില്‍ നിറഞ്ഞു, അതേസമയം ചിലര്‍ വീഡിയോ പ്രദേശത്തെ എംഎല്‍എയെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, തെഹ്രി ഗഡ്വാളിലെ സോന്ദര്‍ ഗ്രാമത്തില്‍ നിന്നുള്ള 18 കാരനായ സൗരഭ് പന്‍വാര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സോംഗ് നദി മുറിച്ചുകടക്കാന്‍ ഒരു കയര്‍-ട്രോളി സംവിധാനത്തെ ആശ്രയിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് താല്‍ക്കാലിക പരിഹാരമായി സ്ഥാപിച്ച ട്രോളി നൂറുകണക്കിന് ഗ്രാമീണര്‍ക്ക് നദി മുറിച്ചുകടക്കാനുള്ള ഏക മാര്‍ഗമായി തുടരുന്നു. ‘അങ്ങനെയാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്, ഞാന്‍ ഇപ്പോള്‍ നദിയുടെ മറുകരയിലുള്ള കോളേജില്‍ പോകുന്നത് അങ്ങനെയാണ്, പന്‍വാര്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇപ്പോള്‍ ട്രോളിയുടെ അവസ്ഥ വളരെ ശോചനീയമാണ്. കനത്ത മഴ പെയ്താല്‍ പുഴ കടക്കുന്ന സാഹസിക പ്രവര്‍ത്തിയായ ക്രോസിംഗ് കൂടുതല്‍ അപകടകരമാക്കി. നദി അപകടകരമാംവിധം കരകവിഞ്ഞതിനെ തുടര്‍ന്ന് പന്‍വാറും മറ്റ് വിദ്യാര്‍ത്ഥികളും ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ‘ഇത് വളരെ അപകടസാധ്യതയുള്ളതാണ്. രണ്ടടി താഴെ മാത്രമാണ് വെള്ളം, എപ്പോള്‍ വേണമെങ്കിലും ട്രോളി മറിഞ്ഞേക്കാം,’ അദ്ദേഹം പറഞ്ഞു. ഒലിച്ചുപോയ റോഡുകള്‍, മൃഗങ്ങളുടെ ആക്രമണ ഭീഷണി, കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം പോകേണ്ടതിന്റെ ആവശ്യകത എന്നിവ കാരണം 15-20 കിലോമീറ്റര്‍ ട്രെക്കിംഗ് മഴക്കാലത്ത് അപകടകരമാണ്.