ന്യൂയോർക്ക്: മെറ്റേണിറ്റി ക്ലിനിക്കുകളിൽ ഗർഭിണികളുടെ തിരക്കാണ്. എല്ലാവർക്കും ഒരേയൊരു ആവശ്യം, ഫെബ്രുവരി ഇരുപതിന് മുമ്പ് പ്രസവിപ്പിക്കണം. വിചിത്രമായ ആവശ്യത്തിന് കാരണവുമുണ്ട്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യക്കാരടക്കമുള്ള പല ദമ്പതികളും മെറ്റേണിറ്റി ക്ലിനിക്കുകളിലേക്ക് ഓടിയത്.
ജനനത്തോടെ പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കുന്ന അവസാന ദിനമാണ് ഫെബ്രുവരി ഇരുപത്. പ്രസിഡന്റായി ചുമതലയേറ്റ ഉടൻ ട്രംപ് ഒപ്പുവെച്ച ഉത്തരവുകളിലൊന്നാണിത്. ഫെബ്രുവരി 19 വരെ യുഎസിൽ ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരായി കണക്കാക്കും. അതിനാലാണ് അടുത്തമാസം ഇരുപതിന് മുമ്പ് പ്രസവിക്കണമെന്ന് ഗർഭിണികൾ ആഗ്രഹിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുപതോളം ദമ്പതികൾ വിളിച്ചതായി ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പ്രതികരിച്ചു.
ഡോ എസ് ഡി രമയുടെ മെറ്റേണിറ്റി ക്ലിനിക്കിൽ, എട്ട്, ഒമ്പത് മാസങ്ങളിലുള്ള സ്ത്രീകൾ സി സെക്ഷൻ ആവശ്യപ്പെടുകയാണ്. ‘മാസം തികയാതെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴുമാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം എത്തിയിരുന്നു.’- ഡോക്ടർ പറഞ്ഞു.
‘മാസം തികയാതെയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും കാര്യമായ അപകടമുണ്ടാക്കുമെന്ന് ദമ്പതികളോട് പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണ്. ശ്വാസകോശ പ്രശ്നങ്ങളും നാഡീസംബന്ധമായ സങ്കീർണതകളുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.’- ഡോക്ടർ പറഞ്ഞു.’
ആറ് വർഷമായി ഞങ്ങൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്ഥിരത ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗമാണിത്. ഇവിടെ വരാൻ ഞങ്ങൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. ഞങ്ങൾക്ക് മുന്നിൽ വാതിൽ അടയുന്നത് പോലെ തോന്നുന്നു’- ഒരു ഇന്ത്യക്കാരൻ പറഞ്ഞു.
CONTENT HIGHLIGHT: indian couples in us rush for c section