തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍. മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 54 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്.
രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൌളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാരെ പുറത്താക്കി തുടക്കത്തില്‍ തന്നെ നിധീഷ് കേരളത്തിന് മുന്‍തൂക്കം സമ്മാനിച്ചു. ഓപ്പണര്‍ ഹര്‍ഷ് ഗാവ്‌ലിയെയും രജത് പട്ടീദാറിനെയും ഒരേയോവറില്‍ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രജത് പട്ടീദാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഹര്‍ഷ് ഗാവ്‌ലി ഏഴും ഹിമന്‍ശു മന്ത്രി 15ഉം റണ്‍സെടുത്തു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ച് നിന്ന ശുഭം ശര്‍മ്മയാണ് വലിയൊരു തകര്‍ച്ചയില്‍ നിന്ന് മധ്യപ്രദേശിനെ കയകയറ്റിയത്. 54 റണ്‍സെടുത്ത ശുഭം ശര്‍മ്മയാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ 42 റണ്‍സെടുത്തു. പരിക്കേറ്റ് കളം വിട്ട വെങ്കടേഷ് അയ്യര്‍ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസില്‍ എന്‍ പിയും ആദിത്യ സര്‍വാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ അക്ഷയ് 22ഉം രോഹന്‍ 25ഉം റണ്‍സ് നേടി ക്രീസിലുണ്ട്.