ഒമാൻ തലസ്ഥാനമായ മസ്കറ്റ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി. 382 നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് മസ്കറ്റിന് ലഭിച്ചത്. നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. അബുദാബി, ദുബായ്, ഷാർജ, മനാമ, ദോഹ, തായ്‌വാനിലെ തായ്പേയ് എന്നിവയക്കൊപ്പമാണ് മസ്കറ്റിന് മികച്ച സുരക്ഷാ റേറ്റിംഗ് ലഭിച്ചത്.
മോഷണം, കവർച്ച, അപമാനിക്കപ്പെടൽ, ആക്രമണങ്ങൾ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ, സായുധ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത മസ്കറ്റിൽ വളരെ കുറവാണെന്നാണ് നംബിയോ അന്താരാഷ്ട്ര ഏജൻസിയുടെ പഠന റിപ്പോർട്ട്. നിറം, വംശം, ലിംഗഭേദം എന്നിവയുടെ പേരിലുള്ള പ്രശ്നങ്ങളും മസ്കറ്റിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്നിന്റെ കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ പൊതു വസ്തുക്കൾ നശിപ്പിക്കൽ, സായുധ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുടെ തോതും പരിശോധിച്ചതിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങളെല്ലാം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞതിനാണ് മസ്കറ്റിന് അംഗീകാരം. കുറ്റകൃത്യ സൂചിക 20 പോയിന്റിൽ താഴെയുള്ളതെങ്കിൽ കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ നഗരമായാണ് ഏജൻസി കണക്കാക്കുക. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം സൂചിക കണക്കാക്കുന്നത്. സാമ്പത്തിക- ടൂറിസം മേഖലയിൽ കരുത്താകാൻ പുതിയ റിപ്പോർട്ട് മസ്കറ്റിനെ സഹായിക്കും.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായും നേരത്തെ മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണിത്. ലോകത്തുടനീളമുള്ള നഗരങ്ങളിലെ മലിനീകരണ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ മസ്‌കത്തിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾ.