Entertainment

വിശാലിനെ അപകീർത്തിപ്പെടുത്തി വീഡിയോ, യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്ന വിശേഷണം ഉണ്ടായിരുന്ന നടൻ വിശാൽ കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞത് ശാരീരിക അസ്വസ്ഥതകളാൽ അവശനായ നിലയിൽ ആയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12 ന് തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു അവശനായ നിലയിൽ താരത്തെ കണ്ടത്. മറ്റൊരാളുടെ കൈപിടിച്ചാണ് വിശാൽ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം. പരിപാടിക്കിടയിൽ സംസാരിക്കുമ്പോൾ കൈ നിർത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷൻ പരിപാടികൾക്ക് എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥയെ മാനിക്കാതെ പല യൂട്യൂബ് ചാനലുകളും അപകീർത്തിപ്പെടുത്തികരമായ രീതിയിൽ വീഡിയോ നൽകുകയായിരുന്നു.

യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റ് നാസർ നൽകിയ പരാതിയിലാണ് നടപടി. പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശാൽ കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അമിത മദ്യപാനമാണ് വിശാലിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്ന് കാണിച്ചായിരുന്നു വീഡിയോകൾ വന്നത്. ഈ സംഭവത്തിൽ ആണ് ഇപ്പോൾ നിയമനടപടി ഉണ്ടായിരിക്കുന്നത്.

2012ൽ പൂർത്തിയായ സിനിമയാണ് മദഗജരാജ. 2025 പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്തത്. സാമ്പത്തിക പ്രശ്‌നമാണ് റിലീസ് നീളാൻ കാരണമെന്നാണ് വിവരങ്ങൾ. വിശാലിനെ കൂടാതെ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, പരേതയായ മനോബാല എന്നിവർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. റിലീസ് ചെയ്യാൻ വർഷങ്ങൾ വൈകിയെങ്കിലും ബോക്സോഫീസിൽ വൻ വിജയമാണ് മധ ഗജ രാജ.