Tech

ബിഎസ്എന്‍എല്‍ 4ജി വിന്യാസം പുതിയ നാഴികക്കല്ലില്‍; 65000 ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി | bsnl 4g

രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം

ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ 4ജി ടവര്‍ വിന്യാസം പുതിയ നാഴികക്കല്ലില്‍. ബിഎസ്എന്‍എല്ലിന്‍റെ 65000 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമമായതായാണ് കണക്ക്. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. ഇതിനൊപ്പം സേവന നിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികളും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് പതിയെ അടുത്തുകൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ 65000 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ 4ജി വിന്യസിക്കുന്നത്. 4ജി സൈറ്റുകളുടെ എണ്ണം അറുപത്തയ്യായിരത്തിന് അടുത്തെത്തിയതായി ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ റോബര്‍ട്ട് ജെ രവി അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. രാജ്യത്ത് ഏറ്റവും വൈകി 4ജി സേവനം ആരംഭിച്ച ടെലികോം പ്രൊവൈഡര്‍മാരാണ് ബിഎസ്എന്‍എല്‍. എന്നാല്‍ ബിഎസ്എന്‍എല്ലിന് മാത്രമേ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയുള്ളൂ.

4ജി ടവര്‍ വിന്യാസം പുരോഗമിക്കുമ്പോഴും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലെ അപാകതകളെ കുറിച്ച് വ്യാപക പരാതി ഉപഭോക്താക്കള്‍ക്കുണ്ട്. കോള്‍ വിളിച്ചാല്‍ കിട്ടുന്നില്ല, ഇടയ്ക്ക് വച്ച് കട്ടായിപ്പോകുന്നു, ഡാറ്റ ലഭ്യമാവുന്നില്ല എന്നീ പരാതികളാണ് ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സേവന നിലവാരം ഉറപ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളതായാണ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍റെ വാദം. സേവന നിലവാരം ഉറപ്പിക്കാന്‍ ഓരോ സര്‍ക്കിളിലും ക്രാക്ക് ടീമിനെ നിയോഗിച്ചതായി അദേഹം പറയുന്നു. ഒരു ലക്ഷം 4ജി ടവറുകള്‍ ബിഎസ്എന്‍എല്ലിന് മതിയായ നെറ്റ്‌വര്‍ക്ക് നല്‍കുമെന്നാണ് റോബര്‍ട്ട് ജെ രവിയുടെ പ്രതീക്ഷ.

 

content highlight : bsnl-4g-deployment-hits-new-milestone-65000-towers