കുത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച സിപിഎം പ്രവർത്തകർക്ക് മാലയിട്ട് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് ചുവപ്പ് മാലയിട്ടാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.
കേസിലെ 6 മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. സി പി ഐ എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷൽ മജിസ്ട്രേറ്റാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രവർത്തകർ നടത്തിയതെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം.
നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചുവെന്ന കേസിൽ നാല് സിപിഎം പ്രവർത്തകരാണ് പിടിയിലാവുന്നത്. നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചു. കലയുടെ മക്കളുടെ പരാതിപ്രകാരമെടുത്ത കേസിൽ ഒന്നാം പ്രതി സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷാണ്. കഴിഞ്ഞ ദിവസം കലാ രാജു സംഭവത്തിൽ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.
STORY HIGHLIGHT: councillor kala raju abduction cpm bail