ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രം സ്വീകരിച്ച് ജീവിക്കുന്നവരാണ് പെൻഗ്വിനുകൾ. പങ്കാളി മരിച്ചാൽ ഇണയ്ക്ക് പിന്നീട് ജീവിക്കാനാകില്ലെന്നും അവർ ആത്മഹത്യ ചെയ്യുമെന്നുമാണ് പറയുന്നത്. എന്നാൽ ഇവരുടെ പ്രണയത്തിൽവരെ സങ്കീർണതകൾ രൂപപ്പെട്ടിരിക്കുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട പങ്കാളിയെ ലഭിക്കുമ്പോൾ ആദ്യ പങ്കാളിയെ ഉപേക്ഷിക്കുന്ന രീതി പെൻഗ്വിനുകൾക്കിടയിൽ വർധിക്കുന്നതായി ഇക്കോളജി ആൻഡ് ഇവല്യൂഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഓസ്ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ 13 ബ്രീഡിങ് സീസണുകളിലായാണ് പഠനം നടത്തിയത്.
പഠനം നടത്തിയ ആയിരത്തോളം ജോഡികളിൽ, പത്ത് വർഷത്തിന് ശേഷം 250 വേർപിരിയലുകൾ ഉണ്ടായി. മറ്റുചിലർ പങ്കാളി മരിച്ചതോടെ ഒറ്റയ്ക്കായി.വിജയകരമല്ലാത്ത പ്രജനന കാലത്തിന് ശേഷമാണ് സാധാരണയായി വേർപിരിയൽ സംഭവിക്കുന്നത്. പ്രത്യുൽപാദനം അപകടത്തിലാണെന്ന് തോന്നുമ്പോൾ പുതിയ ഇണയെ തേടിപ്പോവുകയാണ്. കൂടാതെ പാരിസ്ഥിതിക ഘടകങ്ങളും വേർപിരിയലിനു കാരണമാകുന്നു. ഭക്ഷ്യക്ഷാമം, അസ്ഥിരമായ ആവാസവ്യവസ്ഥ എന്നിവയും ദീർഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകർക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പെൻഗ്വിനുകളുടെ വേർപിരിയലെന്ന് ഓസ്ട്രേലിയയിലെ മോണാഷ് സർവകലാശാലയിലെ ഈക്കോഫിസിയോളജി ആൻഡ് കൺസർവേഷൻ ഗവേഷണ ഗ്രൂപ്പിന്റെ തലവനായ റിച്ചാർഡ് റെയ്ന പറഞ്ഞു.
വേർപിരിയിൽ മൂലം പെൻഗ്വിനുകൾക്ക് ഉന്നത നിലവാരമുള്ള ജീവിതപങ്കാളിയെ കണ്ടെത്താൻ അവസരം ലഭിക്കുമെങ്കിലും ഇതിന് കൂടുതൽ സമയം വേണ്ടിവരും. ഇത് പ്രജനനം വൈകുന്നതിനും പൂർണമായും ഇല്ലാതാകുന്നതിനും കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പുതിയ ജോഡികളുടെ കൂടുണ്ടാക്കൽ, മുട്ട വിരിയിക്കൽ, കുഞ്ഞുങ്ങളെ വളർത്തൽ എന്നിങ്ങനെയുള്ള സങ്കീർണ്ണമായ ജോലികൾ ഏകോപിപ്പിക്കുന്നത് ആദ്യ ദമ്പതികളെപ്പോലെ ഫലപ്രദമായിരിക്കില്ല. ഫിലിപ്പ് ദ്വീപിലെ ചെറിയ പെൻഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷി ഇനങ്ങളുടെ സാമൂഹികരീതിയെക്കുറിച്ച് നിർണായകമായ ധാരണ നൽകുന്നുവെന്നും പെൻഗ്വിനുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും ഗവേഷകർ പറയുന്നു.
STORY HIGHLIGHTS: Penguin Monogamy: Myth or Reality? New Study Reveals Surprising Truths