തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസിലാണ് നടപടി. 1.26 കോടി രൂപയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്. ഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അനിത രാധാകൃഷ്ണനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തൂത്തുക്കുടി ജില്ലയിൽ ഡിഎംകെയുടെ പ്രധാന നേതാവാണ് അനിത രാധാകൃഷ്ണൻ. തൂത്തുക്കുടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ അനിത രാധാകൃഷ്ണന്റെ സ്ഥാപന സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ഇത് രണ്ടാം തവണയാണ് അനിത രാധാകൃഷ്ണനെതിരെ ഇഡിയുടെ നടപടി ഉണ്ടാകുന്നത്. 2022ൽ അനിത രാധാകൃഷ്ണന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 73കാരനായ അനിത രാധാകൃഷ്ണൻ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ സമർപ്പിച്ച എഫ്ഐആറിൽ നിന്നാണ് അനിത രാധാകൃഷ്ണനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചത്. അനിത രാധാകൃഷ്ണൻ തൻ്റെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് കുടുംബാംഗങ്ങളുടെ പേരിൽ സമ്പാദിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം.
STORY HIGHLIGHT: money laundering case