കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പിടിയലായ പ്രതി ഋതു ജയനുമായി മിന്നൽ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിയെ കൊല നടന്ന വീട്ടിൽ എത്തിച്ചു. പകയോടെ ആസൂത്രണം ചെയ്തായിരുന്നു അരും കൊലയെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ഋതുവിനെ വട്ടംപൊതിഞ്ഞ പോലീസുകാർ അരും കൊല നടത്തിയ വീട്ടിൽ ആദ്യം കയറ്റി. അവിടെയായിരുന്നു മൂന്നു പേരെയും ക്രൂരമായി തലക്കടിച്ചു വീഴ്ത്തിയത്. പിന്നീട് നേരെ തൊട്ടു മുന്നിലുള്ള ഋതുവിന്റെ വീട്ടിലും ഒന്നു കയറ്റി. നാട്ടുകാർ ഉണരുന്നതിന് മുൻപ് ഋതുവുമായി പൊലീസ് മടങ്ങുകയും ചെയ്തു. നേരത്തെ കോടതിയിൽ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ്.
പശ്ചാത്താപം ഒട്ടുമില്ലാത്ത പ്രതിയാണ് ഋതുവെന്ന് പൊലീസ് പറയുന്നു. ജിതിൻ ബോസിനെയും കുടുംബത്തെയും ഇല്ലാതാക്കാൻ തന്നെ ഋതു തീരുമാനിച്ചിരുന്നു. ജിതിൻ കൊല്ലപ്പെടാത്തതിൽ ഋതു നിരാശ പ്രകടിപ്പിച്ചു എന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് കനത്ത ശിക്ഷ ലഭിക്കത്തക്ക രീതിയിൽ പഴുതടച്ച കുറ്റപത്രം സമപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഋതു ജയന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും, പ്രതിയുടെ തിരിച്ചറിയൽ പരേഡും ചോദ്യം ചെയ്യലും പൂർത്തിയായി. അതേസമയം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസ്സിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.