തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളി കൊടി സുനിക്ക് ഒരുമാസത്തെ പരോൾ നൽകിയത് ജയിലിനുള്ളിലെ പെരുമാറ്റവും സ്വഭാവവും കൂടി കണക്കിലെടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.കെ.രമ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിനാണു മറുപടി. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണു തടവുകാർക്കു പരോൾ അനുവദിച്ചുവരുന്നത്.
സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ കമ്മിഷന്റെ നിർദേശം മാനിച്ചും അമ്മയുടെ അപേക്ഷ പരിഗണിച്ചും കർശന ഉപാധികളോടെയാണു കഴിഞ്ഞ 28നു പരോൾ നൽകിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിൽ സന്ദർശിക്കാൻ പി.ജയരാജനടക്കം പോയതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ ജയിലുകളിലെത്തുമ്പോൾ നേതാക്കളും പൊതുപ്രവർത്തകരും സന്ദർശിക്കുന്നതു സാധാരണമാണ്.