Kerala

ബിജെപി ജില്ലാ പ്രസിഡന്റുമാരെ 2 ദിവസത്തിനകം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനവും പ്രഖ്യാപനവുമുണ്ടായേക്കും. ഓരോ സംസ്ഥാനത്തെയും ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം ബിജെപി ആസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ 100 ജില്ലകളിലെ പകുതിയിലേറെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. തെക്കൻ സംസ്ഥാനങ്ങളിലേക്ക് ബിജെപി നേതൃത്വം കടന്നതിനാൽ കേരളത്തിലെയും പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന സൂചനയും ദേശീയ നേതൃത്വം കേരള നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. കെ.സുരേന്ദ്രൻ 5 വർഷമായതിനാൽ പുതിയ ആളെ നിശ്ചയിക്കാമെന്ന ധാരണയിൽ ദേശീയ നേതൃത്വം എത്തിച്ചേർന്നുവെന്നാണ് വിവരം. 5 വർഷമായ ജില്ലാ, സംസ്ഥാന പ്രസിഡന്റുമാർ മാറി പുതിയ നേതാക്കൾ വരട്ടെ എന്നാണു തീരുമാനം. അങ്ങനെയെങ്കിൽ ജില്ലാ പ്രസിഡന്റുമാരെല്ലാം മാറും. ഈ മാറ്റം ഉണ്ടായാൽ മാത്രമേ പാർട്ടി സംസ്ഥാനഘടകങ്ങൾക്ക് ഉണർവുണ്ടാകൂവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരിനാണ് മുൻഗണന. രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവരുടെ പേരുകളും ദേശീയ നേതൃത്വത്തിന്റെ ചർച്ചയിലുണ്ടെന്നാണ് വിവരം. മറ്റെന്തെങ്കിലും സർപ്രൈസ് നേതൃത്വം കരുതുന്നുണ്ടോ എന്നതിൽ കേരള നേതാക്കൾക്ക് വ്യക്തതയില്ല.