Kerala

ആതിര കൊലകേസ്; ജോണ്‍സനെ തിരിച്ചറിഞ്ഞത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിലെ യുവതി

തിരുവനന്തപുരം: കഠിനംകുളം കൊലക്കേസിലെ പ്രതി ജോൺസൻ ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിലെ യുവതിയാണ് ജോൺസനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാൻ ശ്രമിച്ച ജോൺസനെ തന്ത്രപൂർവം പിടിച്ചുനിർത്തിയാണ് കോട്ടയം ചിങ്ങവനത്തെ രേഷ്മയും കുടുംബവും പൊലീസിനെ വിളിച്ചുവരുത്തിയത്.

കുറിച്ചിയിലെ വീട്ടുകാർക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതിൽ ഫലം കണ്ടത്. ഇന്നലെ ജോൺസൺ എത്തിയതിന് പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു.

”ഫേസ്ബുക്കിലൂടെയാണ് വാർത്തയറിഞ്ഞത്. അനിയത്തിയാണ് വാർത്ത കാണിച്ചത്. നമ്മുടെ വീട്ടിൽ അച്ഛനെ നോക്കാനായി നിന്നിരുന്ന ആളാണെന്ന് മനസിലായി. ഇന്നലെ വൈകിട്ട് 3.15ന് ഇയാൾ വീട്ടിലേക്ക് വന്നു. അച്ഛൻ വിളിച്ച് എന്നെ നോക്കാൻ വരുന്നയാളെത്തിയെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് എത്തി. പൊലീസിനെ വിവരമറിയിച്ചു. അച്ഛൻ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. അച്ഛനെ നോക്കാൻ വേണ്ടിയാണ് ഏജൻസി വഴി ആളെ തേടിയത്. അങ്ങനെയാണ് ജോൺസൺ വീട്ടിലേക്ക് ജോലിക്ക് വന്നത്. ഡിസംബർ 8 ന് വന്ന് ജനുവരി 7 വരെ ജോലി ചെയ്ത് തിരികെ പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ ഇയാളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതെടുക്കാനാണ് ഇവിടേക്ക് വന്നതെന്നാണ് മനസിലാക്കുന്നത്”.

അച്ഛനെ നോക്കാനായി എത്തിയ ആളായിരുന്നതിനാൽ ഈ വീട്ടിൽ തന്നെയായിരുന്നു താമസമെന്നും ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടൽ ആയിരുന്നു ജോൺസണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറയുന്നു.

അതേസമയം ജോണ്‍സന്‍റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. കുറിച്ചിയിൽ ഇയാൾ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നുമാണ് ചിങ്ങവനം പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനം എടുക്കൂ. അതിനിടെ കേസിൻ്റെ തുടർ നടപടികൾക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. കഴിഞ്ഞ 21 ആണ് ഇൻസ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.