മുംബൈ: ട്രെയിനിൽ തീ പടർന്നതായി ചായ വിൽപനക്കാരൻ വിളിച്ചുപറഞ്ഞതാണ് പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്ത 13 പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ലക്നൗ–മുംബൈ പുഷ്പക് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ തീ പടരുന്നതായി കേട്ടതോടെ യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി തൊട്ടടുത്ത പാളത്തിലേക്ക് ചാടി. എതിർദിശയിൽ വന്ന കർണാടക എക്സ്പ്രസ് ഇവർക്കു മേൽ പാഞ്ഞുകയറുകയായിരുന്നു. ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചതോടെയാണ് മരണം 13 ആയത്. മരിച്ചതിൽ ഏഴു പേർ നേപ്പാൾ സ്വദേശികളാണ്. 15 പേർക്ക് പരുക്കുണ്ട്. ട്രെയിനിൽ തീപ്പൊരി കണ്ടതായി രക്ഷപ്പെട്ട ചില യാത്രക്കാർ പറഞ്ഞെങ്കിലും റെയിൽവേ നിഷേധിച്ചു. ദുരന്തത്തെക്കുറിച്ച് അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു.