കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്തു

പാലക്കാട്: പാലക്കാട് പരുതൂരിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തൃത്താല പൊലീസാണ് കേസെടുത്തത്. ക്ഷേത്ര ചടങ്ങിന്‍റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്‍റെ കായ കഴിച്ചയാളാണ് മരിച്ചത് . കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും ആട്ട് നടത്താറുള്ളത്. ഇതിന്‍റെ ഭാഗമായി നൽകിയ കാഞ്ഞിരത്തിന്‍റെ കായ കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ഷൈജുവിന്‍റെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഷൈജു കാഞ്ഞിരക്കായ കഴിച്ചിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചു.