India

കുടുംബവഴക്ക്; ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്

കുടുംബവഴക്കിനിടെ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്. പിന്നാലെ പശ്ചാത്താപം തോന്നി കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് ഒരു വിഡിയോയും ഭര്‍ത്താവ് ചിത്രീകരിച്ചു. ഈ വിഡിയോ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സമൂഹമാധ്യമ ഗ്രൂപ്പിലേക്ക് പങ്കുവയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

ദമ്പതികളായ ശിവദാസ് ഗിതേയും(37) ഭാര്യ ജ്യോതി ഗിതേയും (27) തമ്മിൽ ബുധനാഴ്ച വാക്ക് തർക്കമുണ്ടായിരുന്നു. പുലർച്ചെ 4.30ഓടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതേ തുടർന്ന് ഭർത്താവ് ഭാര്യയെ കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ശിവദാസ് ഭാര്യയുടെ കഴുത്തിൽ കത്രിക കുത്തിയിറക്കുകയായിരുന്നു.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ജ്യോതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇതിനുശേഷം പശ്ചാത്താപം തോന്നിയ ശിവദാസ് ഒരു വിഡിയോ ചിത്രീകരിച്ചു. അത് ഓഫിസ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. നിലവില്‍ ശിവദാസ് പൊലീസ് കസ്റ്റഡിയിലാണ്.