ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടിയുടെ പദ്ധതി കൊണ്ട് വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഇതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നു. വീരേന്ദ്ര കുമാറിന്റെ പാർട്ടി നിലപാട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ, ആർജെഡി നിലപാട് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടാറ്റക്കും ബിർളക്കും എതിരെ കമ്യൂണിസ്റ് സമരം ചെയ്‌തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എഥനോൾ നിർമ്മാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായി പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ രമേശ് ചെന്നിത്തല പദ്ധതി പ്രദേശം എലപ്പുള്ളി സന്ദർശിക്കും.