നല്ല വറുത്തരച്ച ഉള്ളിത്തീയല്‍ ഉണ്ടാക്കിയാലോ? ഇന്നത്തെ ഉച്ചയൂണ് ഈ ഉള്ളിത്തീയലും കൂട്ടി ആവട്ടെ. കിടിലൻ സ്വാദിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചെറിയ ഉള്ളി – അര കിലോ
- തേങ്ങാ – ഒന്ന്
- വറ്റൽ മുളക് -12
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
- വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ
തയ്യാറാക്കുന്ന വിധം
ഉള്ളി കനംകുറച്ച് വട്ടത്തിൽ അരിഞ്ഞ് എണ്ണചേർക്കാതെ വഴറ്റുക. നന്നായി വഴന്ന് കഴിയുമ്പോൾ പൊടിച്ച് എടുക്കാൻ പാകത്തിന് നാല് സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വറുക്കുക. അത് വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. അതിന് ശേഷം തേങ്ങയും പത്തു വറ്റൽ മുളകും മല്ലിപ്പൊടിയും കൂടെ വറുത്തരക്കാനായി മൂപ്പിച്ചെടുക്കുക. അരയ്ക്കാൻ മാത്രമുള്ള വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക.
ആ അരപ്പിലേക്ക് വറുത്തുപൊടിച്ചു വച്ച ഉള്ളി ചേർക്കണം. അൽപ്പം വെള്ളത്തിൽ പുളി പിഴിഞ്ഞ് അതും ഈ കൂട്ടിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഒന്ന് ഇളക്കണം. ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക്പൊട്ടുമ്പോൾ രണ്ടു വറ്റൽ മുളക് കൂടെ ചേർത്ത് മൂപ്പിക്കുക. അതിലേയ്ക്ക് ഉള്ളിയും വറുത്തരപ്പും ചേർന്ന കൂട്ട് ചേർത്ത് ഇളക്കുക. അടിയിൽ പിടിക്കാതെ ഇളക്കുക.നന്നായി തിളച്ചു കഴിയുമ്പോൾ വാങ്ങി വയ്ക്കുക.