Kerala

കാട്ടാനയെ കാടുകയറ്റാൻ കുങ്കിയാനകളെത്തി; വിക്രമും സുരേന്ദ്രനും സ്ഥലത്ത്

കിണറ്റിൽ വീണ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. മലപ്പുറത്തെ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റിയിരുന്നു. കിണറിൻ്റെ ഒരു ഭാഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയിരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരയ്‌ക്കെത്തിച്ചത്.

ഇതിനെ തുരത്താനാണ് വയനാട്ടിൽ നിന്നും രണ്ടു കുങ്കിയാനകൾ എത്തിയിരിക്കുന്നത്. സുരേന്ദ്രൻ, വിക്രം എന്നീ ആനകളെയാണ് കൊണ്ടുവന്നത്. കിണറ്റിൽ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിർത്തി ഭാ​ഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

വയനാട് മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെത്തിയിരിക്കുന്നത്. ആനയെ വനത്തിനകത്തേക്ക് തുരത്തിയില്ലെങ്കിൽ ആന വീണ്ടും തിരിച്ചെത്തി കൃഷിയിടം നശിപ്പിക്കാനിടയുണ്ട്. കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനും വേണ്ടിയാണിത്.