ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോകപ്രശസ്ത സ്ഥാപനങ്ങളിലെ രേഖകൾ ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ സ്റ്റാലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
തമിഴ്നാട്ടിൽ 5,300 വർഷങ്ങൾക്ക് മുൻപുതന്നെ ഇരുമ്പുയുഗം ആരംഭിച്ചെന്ന് ഞാൻ ലോകത്തോടു വിളിച്ചുപറയുന്നു. അയിരിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിച്ചത് തമിഴ്‌നാടാണ്. ഇവിടെനിന്നു ശേഖരിച്ച പുരാവസ്തു സാമഗ്രികളുടെ സാംപിൾ വിശകലനം നടത്താൻ ലോകത്തിലെ ഏറ്റവും മികച്ച ലബോറട്ടറികളിലേക്ക് അയച്ചു. ഇതിലൂടെ ലഭിച്ച കാലഗണനാ ഫലങ്ങളിലൂടെ 5,300 വർഷങ്ങൾക്ക് മുൻപുതന്നെ തമിഴ്‌നാട്ടിൽ ഇരുമ്പ് നിലവിൽവന്നതായി ശാസ്ത്രീയമായി സ്ഥിരീകരിക്കാനായി. ഈ നേട്ടം തമിഴ്‌നാടിനും തമിഴ് ജനതയ്ക്കും ലോകത്തെ മുഴുവൻ മനുഷ്യരാശിക്കും അഭിമാനമാണെന്ന് സ്റ്റാലിൻ പറഞ്ഞു.