തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. ഷർട്ടിൽ ചോര പുരണ്ടതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച ശേഷമാണ് മടങ്ങിയതെന്നും മൊഴിയുണ്ട്.
ചൊവ്വാഴ്ച രാവിലെ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണെന്ന് ജോൺസൺ പറയുന്നു. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ഇറങ്ങിയത്. കാൽനടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടർന്ന് മകനെ സ്കൂളിൽ വിടുന്നത് വരെ കാത്തിരുന്നു. എട്ടരയ്ക്ക് മകനെ സ്കൂളിൽ വിട്ടതിനു ശേഷം വീടിനുള്ളിൽ കയറി.
ആതിരയോട് ചായയിട്ട് തരാൻ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയും ചെയ്‌തു.
ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം കൃത്യം നടത്തുകയായിരുന്നു. ജോൺസൺ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു.
കൃത്യത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി 9.30ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെരുമാതുറയിലെ ലോഡ്ജിൽ എറണാകുളത്തെ വിലാസമുള്ള ഐഡി കാർഡ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങൾ എടുക്കാനായിരുന്നു. ഇതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ(30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു.