വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന പദ്ധതികളായ റോഡ് റെയില്‍ കണക്ടിവിറ്റികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. റിംഗ് റോഡിന്‍രെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ഏതാണ്ട് നിര്‍മ്മാണ ഉദ്ഘാടനം വരെ എത്തിനില്‍ക്കുന്ന റെയില്‍ കണക്ടിവിറ്റി മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. വിഴിഞ്ഞം തുറമുഖം മുതല്‍ ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ കണക്ടിവിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 9.5 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെയാണ് പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ആണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 1400 കോടി രൂപയാണ് നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുകയായി കരുതിയിരിക്കുന്നത്.
എന്നാല്‍ തത്ക്കാലം ഭൂഗര്‍ഭപാതയ്ക്കു പകരം മറ്റൊരു പദ്ധതിയുടെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലരാമപുരം- വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡില്‍ റെയില്‍വേ പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ വിഴിഞ്ഞം കമ്പനിയോട് ആവശ്യപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂഗര്‍ഭ റെയില്‍ പാതയ്ക്കുള്ള മന്ത്രിസഭയുടെ അന്തിമനുമതിക്കായി വിഴിഞ്ഞം പോര്‍ട്ട് കമ്പനി നീക്കം തുടങ്ങിയപ്പോഴാണ് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ റെയില്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുമെന്ന് വ്യക്തമായി കഴിഞ്ഞു. ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നിര്‍മ്മാണം തുടങ്ങി ബാലരാമപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള റോഡിന്റെ പണി കഴിഞ്ഞാല്‍ മാത്രമേ റെയില്‍ കണക്ടിവിറ്റിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിലയിരുത്തപ്പെടുന്നു. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്ന വിസില്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടികള്‍ക്ക് കാലതാമസം നേരിടുന്നതായാണ് ആക്ഷേപം. ഈ മാസം അവസാനത്തോടെ ഒരു ഗഡു നഷ്ടപരിഹാരത്തുക ഔട്ടര്‍ റിംഗ് റോഡിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് കൊടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതു സംബന്ധിച്ച് നടപടികള്‍ ഇഴയുകയാണ്.
റിങ് റോഡ് നിര്‍മ്മാണം ഈ വര്‍ഷം ആരംഭിച്ചാലും ബാലരാമപുരം-വിഴിഞ്ഞം ഭാഗം പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും സമയമെടുക്കും. അക്കാരണത്താല്‍ വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി തുടങ്ങാന്‍ വൈകുമെന്ന് ഇതോടെ വ്യക്തമായി. കൊങ്കണ്‍ റെയില്‍വേ ഭൂഗര്‍ഭ റെയിലിന്റെ സാധ്യത പഠനത്തിന് ഉള്‍പ്പെടെ നല്‍കിയ തുക നഷ്ടമാകാനും സാധ്യതയുണ്ട്. ഭൂഗര്‍ഭപാതയായതിനാല്‍ 6.43 ഹെക്ടര്‍ സ്ഥലം മാത്രം ഈ പദ്ധതിക്ക് വേണ്ടി എടുത്താല്‍ മതി. ഭൂഗര്‍ഭപാതയ്ക്ക് പകരമായി ഔട്ടര്‍ റിങ് റോഡില്‍ ഉപരിതല പാതയോ, എലിവേറ്റഡ് പാതയോ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കനാണ് സംസ്ഥാന സര്‍ക്കാര്‍ വിസില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഉപരിതല റെയില്‍പ്പാ തയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ സ്ഥലമേറ്റെടുപ്പിന് തടസ്സങ്ങളും സാങ്കേതിക പ്രശനങ്ങളും ഉയര്‍ന്നതോടെയാണ് ഭൂഗര്‍ഭ റെയില്‍ എന്നതി ലേക്ക് മാറിയത്. പാത നിര്‍മാണത്തിന് ധന്‍ബാദ് സെന്‍ട്രല്‍ മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃതൃത്തില്‍ പഠനം നടത്തിയിരു ന്നു. റെയില്‍പ്പാതയ്ക്കായി നേരത്തെ പാരിസ്ഥിതികാനുമതിയും ലഭിച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാലരാമപുരത്തു നിന്നാരംഭിക്കുന്ന റെയില്‍ പാത വിഴിഞ്ഞം തുറമുഖ സൈറ്റിനു സമീപം അവസാനിക്കുന്ന തരത്തിലാണ് രൂപ കല്‍പ്പന. ഇതില്‍ 9.5 കി.മീ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് 1,400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിര്‍മാണം കഴിയുന്നതോടെ വിഴിഞ്ഞത്തുനിന്ന് മണിക്കൂറില്‍ 15-30 കി.മീ. വേഗതയില്‍ 36 മിനിറ്റുകൊണ്ട് ബാലരാമപുരത്തേക്കു കണ്ടെയ്നറുകള്‍ എത്തിക്കാനാവുമെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇത്കൂടാതെ, വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍ കണക്ടിവിറ്റിക്കുള്ള സ്ഥലം ഏറ്റെടുക്കലിനോടനുബന്ധിച്ച് വിഴിഞ്ഞത്തു ചേര്‍ന്ന സാമൂഹികാഘാത പഠന ഭാഗമായ പബ്‌ളിക് ഹിയറിങിലാണ് പ്രദേശവാസികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. വിഴിഞ്ഞം ഭാഗത്തെ 18 വീട്ടുകാരുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു ഒന്നാം ഘട്ട ഹിയറിങ്. തങ്ങളുടെ കിടപ്പാടവും ജീവനോപാധികളും എന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ ആകുലതയാണ് പ്രദേശവാസികള്‍ ആദ്യം ഉന്നയിച്ചത്. ജനവാസ കേന്ദ്രങ്ങള്‍ കൂടുതലായി ഒഴിപ്പിക്കേണ്ടി വരും എന്ന നിലയ്ക്കാണ് ഭൂഗര്‍ഭ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നു വിസില്‍ അധികൃതര്‍ വിശദീകരിച്ചു. ഭൂഗര്‍ഭ പാത തുറമുഖ ഭാഗത്തേക്ക് വന്നിറങ്ങുന്ന ഭാഗത്തെ 18 വീടുകളെ മാത്രമാണ് പദ്ധതി ബാധിക്കുക എന്നും സമീപ വീടുകള്‍ക്കോ ഭൂഗര്‍ഭ പാത കടന്നു പോകുന്ന ഭാഗത്തെ ഭവനങ്ങള്‍ക്കോ ആഘാതമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നാല്‍ തൃപ്തികരമാം വിധം പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുറമുഖ പദ്ധതിയോടനുബന്ധിച്ചു വര്‍ഷങ്ങളായി തങ്ങളുന്നയിച്ചു വരുന്ന 18 ഇന ആവശ്യങ്ങളില്‍ 5 എണ്ണം മാത്രം ഭാഗികമായി നടപ്പായുള്ളൂ എന്നും പൂര്‍ണമായി പരിഹരിക്കുന്നില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.