Kerala

മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ്‌ സംഭവം. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. രാധയെ കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതായാണ് വിവരം. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്നു മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുൽപള്ളിയിൽ കടുവയെ പിടികൂടി 10 ദിവസം മാത്രം പിന്നിടുമ്പോഴാണ് വീണ്ടും കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്.