‘വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍’ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കെ.എസ്.ഇ.ബി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് KSEBയുടെ ഇടനിലക്കാരല്ലെന്നും അവര്‍ മെന്റാണെന്നും സമ്മതിക്കുകയാണ് വകുപ്പ്. തെറ്റിദ്ധാരണാ ജനകമായി വാര്‍ത്തകള്‍ നല്‍കാതെ കാര്യങ്ങള്‍ തിരക്കിയിട്ടു വേണം വാര്‍ത്തകള്‍ നല്‍കാനെന്നും KSEB അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങി എത്തിച്ചുനല്‍കുകയാണ് കെ.എസ്.ഇ.ബി ചെയ്തുവരുന്നത്. വൈദ്യുതിയുടെ ശരാശരി വാങ്ങല്‍ വില 2016ല്‍ യൂണിറ്റിന് 3.88 രൂപ ആയിരുന്നത് ഇപ്പോള്‍ 5.08 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിനായി 2020 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 8000 കോടി രൂപ മുടക്കിയിരുന്നത് ഇപ്പോള്‍ 13,000 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. ഈ ചെലവ് ഇനിയും ഉയരുമോ എന്നത് ഇക്കൊല്ലത്തെ വേനലിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും.
ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളം വൈദ്യുതി വാങ്ങുന്നതിനായാണ് കെ.എസ്.ഇ.ബി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബിക്ക് സ്വന്തമായ ഒരു മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ നാഷണല്‍ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡുമായി നടത്തിയത്.
നിലവില്‍ വൈദ്യുതി കൈമാറ്റക്കച്ചവടം (സ്വാപിംഗ്) ചിലപ്പോഴെങ്കിലും സ്വകാര്യ ബ്രോക്കര്‍മാരുടെ സഹായത്തോടെയാണ് നിര്‍വ്വഹിച്ചു വരുന്നത്. ഇതൊഴിവാക്കി കൃത്യവും സമഗ്രവുമായ തരത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത, ആവശ്യകത തുടങ്ങിയവ സംബന്ധിച്ച സമഗ്രമായ മാര്‍ക്കറ്റ് പഠനത്തിനായി സ്വന്തമായി ഒരു വിഭാഗത്തെ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് ദേശീയതലത്തില്‍ വൈദ്യുതി ഉത്പാദന വിതരണ രംഗത്ത് പ്രാമുഖ്യമുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ സമീപിച്ചത്.
ഈ ചര്‍ച്ചയില്‍ത്തന്നെ അത്തരത്തില്‍ മാര്‍ക്കറ്റിംഗ് വിഭാഗ രൂപീകരണത്തിന് വിദഗ്ദ്ധസഹായം നല്കാന് പരിമിതിയുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്. സ്വന്തമായി മാര്‍ക്കറ്റിംഗ് വിഭാഗം ഇല്ലാത്തതു കൊണ്ടുതന്നെ 2024ല്‍ ഇത്രയേറെ മഴ ലഭിച്ചിട്ടും വളരെക്കുറവ് വൈദ്യുതി മാത്രമേ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടുള്ളു. പകല്‍ സമയത്ത് നിലവില്‍ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി സറണ്ടര്‍ ചെയ്തുവരികയുമാണ്. സൗരോര്‍ജ്ജോത്പാദന സ്ഥാപിതശേഷി പ്രതിമാസം 35 മെഗാവാട്ട് വീതം വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ഇങ്ങനെ പകല്‍ സമയത്ത് അധികമായി ലഭ്യമാകുന്ന വൈദ്യുതിയുടെ വില്‍പ്പന സാധ്യതകളും കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിലെ വൈദ്യുതി മാര്‍ക്കറ്റിനെപ്പറ്റി ആഴത്തിലുള്ള അറിവും പ്രാഗല്ഭ്യവും ഉണ്ടായിരുന്നെങ്കില്‍ വരുമാനം മെച്ചമാക്കാന്‍ കഴിയുമായിരുന്നു എന്ന ചിന്തയിലൂന്നിയാണ് മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച സഹായത്തിനായി ഈ രംഗത്ത് പ്രാവീണ്യമുള്ളവരെ സമീപിച്ചത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിക്കാനും പകല്‍ സമയത്ത് അധികമുള്ള മികച്ച വിലയ്ക്ക് വൈദ്യുതി വില്‍ക്കാനും കഴിയുന്ന തരത്തില്‍ കെ.എസ്.ഇ.ബിക്ക് സ്വന്തമായി പൂര്‍ണ്ണസജ്ജമായ ഒരു മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
അതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. അതല്ലാതെ, വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നു എന്നും ഇതിന്റെ ഭാഗമായി 58.57 കോടി രൂപ ഉപഭോക്താവിന്റെ തലയിലാകും എന്നുമുള്ള വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കെ.എസ്.ഇ.ബി മാനേജ്മെന്റുമായി ആശയവിനിമയം നടത്തുന്നത് അഭികാമ്യമായിരിക്കുമെന്നും കെ.എസ്.ഇ.ബി പറയുന്നു.
CONTENT HIGH LIGHTS; Mentor of National Vidyut Vyapar Nigam Limited KSEB: Subsidiary helping to form new market segment, not intermediaries; KSEB says that the news that ‘Government has middlemen to buy electricity’ is misleading.