ചലച്ചിത്ര നിര്‍മ്മാതാവ് സാന്ദ്ര തോമസ്, ഫെഫ്കയുള്‍പ്പടെയുള്ള സിനിമ സംഘടന ഭാരവാഹികളുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സാന്ദ്ര തോമസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന വാദവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സാന്ദ്ര തോമസുമായി ഇതുവരെ യാതൊരു യോഗവും നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധമെന്ന നിലയിലാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 351(2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) പ്രകാരം കേസെടുത്തിരിക്കുന്നത്.
‘നീ’ എന്ന് സാന്ദ്രയെ വിളിച്ചെന്ന വാദം തെറ്റാണ്, ഞാന്‍ ആരെയും അങ്ങനെ വിളിക്കാറില്ല. അവസാനം കണ്ടപ്പോള്‍ തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സാന്ദ്രാതോമസിന്റെ ആരോപണങ്ങളില്‍ മൗനം പാലിച്ചത് അവര്‍ കടന്നുപോകുന്ന മാനസികാവസ്ഥ മനസ്സിലാക്കുന്നതുകൊണ്ടാണ്. അവര്‍ക്ക് തെറ്റിദ്ധാരണയാണ് ഉള്ളത്. സാന്ദ്രയുടെ എല്ലാ സിനിമകളിലും എത്ര പരാതി വന്നിട്ടുണ്ടെന്നതിന്റെ കണക്ക് ഫെഫ്കയുടെ കയ്യിലുണ്ട്. സാന്ദ്രയുമായി സഹകരിക്കരുതെന്ന് ആരോടും പറഞ്ഞിട്ടില്ല. ആവശ്യമുള്ള കാര്യങ്ങള്‍ക്കേ താന്‍ മാധ്യമങ്ങളെ കാണാറുള്ളൂവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയില്‍ പറയുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന് ശേഷം നടന്ന മീറ്റിങ്ങില്‍ വെച്ച് ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തി. ‘പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ എന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പരാതി കൊടുക്കുന്നതിന് മുന്‍പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നത്. നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സിനിമയിലെ പല കാര്യങ്ങളും പുറത്ത് വരാറില്ല. താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിലൂടെ ജനങ്ങള്‍ അറിഞ്ഞു. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഇനി സിനിമ ചെയ്യിക്കില്ലെന്ന് പല ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.