മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയുധ നിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം. മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയില്‍ ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോല്‍ത്തേ അറിയിച്ചു.
രക്ഷാപ്രവര്‍ത്തന നടത്തുന്നവരും ആരോഗ്യപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി അതിജീവിതരായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്‌ഫോടനത്തിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് പന്ത്രണ്ടോളം പേര്‍ അതിനടയില്‍ കുടുങ്ങിയിരുന്നു.
ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി എസ്‌കവേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം അഞ്ചു കിലോമീറ്റര്‍ അകലെവരെ കേള്‍ക്കാവുന്ന തരത്തിലായിരുന്നു. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.