ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു എന്ന് കെ.സുരേന്ദ്രൻ വിമർശിച്ചു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണെന്നും രൂക്ഷഭാഷയിൽ വിമർശനം. സംസ്ഥാന സർക്കാർ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയിൽ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിപിഇ കിറ്റ് അഴിമതിയെ ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച സമയം വേറെ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അവശ്യമരുന്നുകൾ കിട്ടാനില്ല. സർക്കാർ ആശുപത്രികളിൽ സിപിഎം ക്രിമിനലുകളെ അനധികൃതമായി തിരുകിക്കയറ്റി സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുന്നു. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ നരകതുല്യമായ അവസ്ഥയായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.