മാനന്തവാടിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.