Video

കെ.സുധാകരനെ KPCC അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ നീക്കണമെന്ന് താൻ ആരോടും പറഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെപ്രവർത്തനം തൃപ്തികരമാണ്‌. മാറ്റണമെന്ന് ആരും ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്‌ എന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് കെപിസിസി പുനസംഘടനാ വിഷയം ചൂടുപിടിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ് കേന്ദ്ര നേതൃത്വം. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്ടിരുന്നു. കെപിസിസിയിൽ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനും ഉള്ളത്.

അതേസമയം പുനസംഘടനാ ചർച്ചകളിൽ കെ.സുധാകരന് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് വിവരം. തന്നെ മാറ്റിയാല്‍ സതീശനും ഒഴിയണമെന്ന് ആവശ്യം സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സുധാകരനെ മാറ്റി സമ്പൂര്‍ണ പുനസംഘടന വേണമെന്ന വിഡി.സതീശന്റെ കടുംപിടുത്തമാണ് നിലവിലെ പ്രതിസന്ധി. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കുകയാണ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി. പാർട്ടിയിൽ ഐക്യം ഉണ്ടാക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയ പല നേതാക്കളും സുധാകരനും സതീശനും തമ്മിലുള്ള അനൈക്യം ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യനീക്കത്തിന് പലപ്പോഴും തടസമായി നില്‍ക്കുന്നത് സതീശനാണെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് കെ.സുധാകരന് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്നത്.

Latest News