Sports

രഞ്ജിയില്‍ കേരളത്തിന് ഏഴ് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്, രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 167 റണ്‍സിന് അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ്.

വിക്കറ്റ് പോകാതെ 54 റണ്‍സെന്ന നിലയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ നാലിന് 62 റണ്‍സെന്ന നിലയിലായി കേരളം. രോഹന്‍ കുന്നുമ്മല്‍ 25ഉം അക്ഷയ് ചന്ദ്രന്‍ 22ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷോണ്‍ റോജര്‍ ഒന്നും സച്ചിന്‍ ബേബി രണ്ടും റണ്‍സെടുത്തു. സല്‍മാന്‍ നിസാറും മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 78 റണ്‍സ് പിറന്നു. എന്നാല്‍ ഇരുവരും അടുത്തടുത്ത സ്‌കോറുകളില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സല്‍മാന്‍ നിസാര്‍ 36ഉം മൊഹമ്മദ് അസറുദ്ദീന്‍ 34ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിന്റെ ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റിന് 167 റണ്‍സന്ന നിലയില്‍ അവസാനിച്ചു. പരിക്കേറ്റ ബാബ അപരാജിത്തിന് ബാറ്റിങ് പൂര്‍ത്തിയാക്കാനായില്ല. വെറും 27 റണ്‍സിനിടെയാണ് കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്. മധ്യപ്രദേശിന് വേണ്ടി ആര്യന്‍ പാണ്ഡെയും അവേശ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴത്തിയപ്പോള്‍ സാരാംശ് ജെയിന്‍ രണ്ട് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഓപ്പണര്‍ ഗര്‍ഷ് ഗാവ്‌ലിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ഹിമന്‍ശു മന്ത്രിയും ശുഭം ശര്‍മ്മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഹിമന്‍സു മന്ത്രി 31 റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ശുഭം ശര്‍മ്മ 46ഉം രജത് പട്ടീദാര്‍ 50ഉം റണ്‍സ് നേടി ക്രീസിലുണ്ട്