കുവൈത്ത് സിറ്റി: ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ പ്രവർത്തിക്കും.
കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഖ അൽ എസ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവധി ദിവസം കണക്കിലെടുത്ത് ആവശ്യമായ ബാങ്ക് സേവനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 2, ഞായറാഴ്ച മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി ശൈഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ജനുവരി 30ന് രാജ്യത്ത് പൊതു അവധി നൽകണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം എല്ലാ മന്ത്രാലയ, സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ബാധകമാണ്. കലണ്ടർ പ്രകാരം 27നാണ് അവധി വരേണ്ടത്. എന്നാൽ മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കാനായി അവധി 30ലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
content highlight : bank-holiday-in-kuwait-on-january-30-due-to-isra-wal-miraj