Gulf

അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയില്‍; അരമണിക്കൂറില്‍ ദുബായില്‍ നിന്ന് അബുദാബിയിലെത്താം

ദുബായിൽ നിന്നും അര മണിക്കൂർകൊണ്ട് യുഎഇ തലസ്ഥാനമായ അബുദാബിയിൽ എത്തുന്ന വിധത്തിൽ അതിവേഗ ട്രെയിൻ സർവ്വീസ് വരുന്നു. ദുബായില്‍ നിന്ന് അബുദാബിയിലേക്കാണ് അതിവേഗ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയില്‍ ആണ് പ്രഖ്യാപനം നടത്തിയത്. മണിക്കൂറിൽ 350 കിലോ മീറ്റർ വേഗത്തിലാകും ട്രെയിൻ സഞ്ചരിക്കുക. യുഎഇ പ്രസിഡന്റ് അടക്കമുള്ള ഭരണകർത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.

പൂർണമായും ഇലക്ട്രിക് ട്രെയിൻ, മണിക്കൂറിൽ 350 കിലോമീറ്റർ വേഗം. യുഎഇയുടെ പൊതുഗതാഗത ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് അൽ ഫലാ ഡിപ്പോയിൽ ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചത്. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ആറ് സ്റ്റേഷനുകളാണ് അതിവേഗ റെയിൽപാതയിൽ ഉണ്ടാകുക.  നിലവിലെ യാത്രാസമയം മൂന്നിലൊന്നാക്കി കുറയ്ക്കുന്ന വിധത്തിലാകും അതിവേഗ ട്രെയിൻ സർവ്വീസ് എന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. അതിവേഗ സർവ്വീസിനൊപ്പം സാധാരണ പാസഞ്ചർ ട്രെയിൻ സർവ്വീസും ഉണ്ടാകുമെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഇത്തിഹാദ് റെയിൽ അറിയിച്ചു. ഇത്തിഹാദ് പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതാകും നിർദ്ദിഷ്ട യാത്രാ ട്രെയിൻ സർവ്വീസ്. ഇത്തിഹാദ് റെയിലിന്റെ ഭാഗമായ യാത്രാ ട്രെയിനിന് ഷാർജയിൽ അടക്കം സ്റ്റേഷനുകളുണ്ടാകുമെന്ന് ചീഫ് പ്രൊജക്ട് ഓഫീസർ മുഹമ്മദ് അൽ ഷെഹി അറിയിച്ചു. അൽ ഫലാ ഡിപ്പോയിലെ ചടങ്ങിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ, അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ പങ്കെടുത്തു.