ഈ വർഷം വൃതാനുഷ്ഠാന മാസമായ വിശുദ്ധ റമദാൻ സീസണിൽ ഹറം പള്ളിയിൽ നോമ്പുകാരായ വിശ്വാസികൾക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിനായി ചാരിറ്റബിൾ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഭ്യർത്ഥന സ്വീകരിച്ചു തുടങ്ങി. ഇതിനായുള്ള വെബ് പോർട്ടൽ പ്രവർത്തനം മക്ക മദീന ഹറം കാര്യാലയ വിഭാഗം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം വൃതാനുഷ്ഠാന മാസമായ വിശുദ്ധ റമസാനിൽ മക്ക, മദീന ഹറമുകളിൽ ഇഫ്താർ ഭക്ഷണം വിളമ്പുന്നതിനുള്ള വ്യവസ്ഥ അധികൃതർ അറിയിച്ചു. കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് വിതരണം ചെയ്യേണ്ടത് എന്നത് പ്രധാന വ്യവസ്ഥയാണ്. ബന്ധപ്പെട്ട വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കണം ഇഫ്‌താർ വിതരണം എന്നും അറിയിച്ചിട്ടുണ്ട്.
വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കണം ഇഫ്‌താർ വിതരണം. നോമ്പ് കാരന് ഇഫ്‌താർ നൽകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒരു ഇരിപ്പിടം മാത്രമേ റിസർവ് ചെയ്യാൻ അനുമതിയുണ്ടാവുകയുള്ളു. എന്നാൽ അതോറിറ്റി അംഗീകരിച്ച കാറ്ററിംഗ് കമ്പനികളുമായി കരാർ ഏർപ്പെട്ടായിരിക്കണം നടത്തേണ്ടത്. അങ്ങിനെയാണ് ഇഫ്താർ സേവനത്തിനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
വ്യക്തിഗത ഭക്ഷണം വിതരണം ചെയ്യുന്നവർ വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രമേഹരോഗികളുമായവർക്ക് 20% നിരക്കിലും അതേസമയം ചാരിറ്റബിൾ സംഘടനകൾ നൽകുന്ന ഭക്ഷണം 30% നിരക്കിലും കുറഞ്ഞ കലോറിയിലുള്ള ഭക്ഷണമാണ് നൽകേണ്ടത്. ഇഫ്താർ ഭക്ഷണ വിതരണ സേവനത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത പൊതികളിലായിരിക്കണം ഇഫ്താർ ഭക്ഷണം വിതരണം ചെയ്യേണ്ടതെന്ന് അതോറിറ്റി അറിയിച്ചു.