പുഴുങ്ങിയ മുട്ട ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ വ്യത്യസ്തമായ അവിയൽ റെഡി. ലക്ഷ്മി മേനോൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മുട്ട അവിയൽ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
മുട്ട- 4
മുരിങ്ങക്കോൽ- 1 കപ്പ്
ഉരുളക്കിഴങ്ങ്- 1 കപ്പ്
സവാള- 1/2 കപ്പ്
പച്ചമുളക്- 4
തേങ്ങ- 1 കപ്പ്
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെള്ളം- 1 കപ്പ്
വെളിച്ചെണ്ണ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുരിങ്ങക്കോൽ കഷ്ണങ്ങളാക്കിയത് 1 കപ്പ്, ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് ഒരു കപ്പ്, നാല് പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർക്കുക.
അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അടച്ചു വച്ച് വേവിക്കുക.വെള്ളം തിളച്ചു വരുന്നതു വരെ അടച്ചു വയ്ക്കുക.
ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് രണ്ട് പച്ചമുളക്, ഒരു ടീസ്പൂൺ ജീരകം, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
വെന്തു വന്ന പച്ചക്കറിയിലേക്ക് ഈ അരപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. ഒരു മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
നാല് മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക. അത് ചെറിയ കഷ്ണങ്ങളാക്കുക.
വെന്ത പച്ചകറിയിലേക്ക് മുട്ട കഷ്ണങ്ങളും, കറിവേപ്പിലയും ചേർക്കുക.
അടുപ്പണച്ച് ഒരു ടീസ്പൂൺ വെളിച്ചണ്ണ ഒഴിക്കുക.
മുട്ട ഉടയാത്ത വിധം പതിയെ ഇളക്കി കൊടുക്കുക. ശേഷം ചോറിനൊപ്പം കഴിച്ചു നോക്കൂ.
content highlight: mutta aviyal