കുന്നംകുളം: തൃശൂരിൽ ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. നേരത്തെ ഇടഞ്ഞ കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് വീണ്ടും ഇടഞ്ഞത്. ആനയെ കൊണ്ടുപോകുന്നതിനായി ചിറ്റഞ്ഞൂർ പാടം വഴി നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് വീണ്ടും ആനയിടഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്ക് ഓടിയത്. ആന ഓടിവരുന്നത് കണ്ട് അമ്പലത്തിന് സമീപത്ത് നിന്നിരുന്ന നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആന തിരിയുകയും ചെയ്തു.
ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. സംഭവ സമയത്ത് അമ്പലത്തിന് സമീപം കച്ചവടം നടത്തിയിരുന്ന കേച്ചേരി പാറന്നൂർ സ്വദേശിനി ചെറുവത്തൂർ വീട്ടിൽ 63 വയസ്സുള്ള മേരിക്കാണ് ആന വരുന്നത് കണ്ട് പേടിച്ച് ഓടുന്നതിനിടെ പരിക്കേറ്റത്. പരിക്കേറ്റ മേരിയെ കുന്നംകുളം പരസ്പര സഹായ സമിതിയെ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയെയും സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയി.
സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്. രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ.
ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
content highlight : elephant-ran-amok-during-temple-festival-at-kunnamkulam-63-year-old-woman-injured