ഹരിപ്പാട്: നിർമാണത്തിനായി പൊളിച്ച റോഡ് രണ്ട് വർഷമായിട്ടും പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകൾ റോഡ് ഉപരോധിച്ചു. കുമാരപുരം കാർത്തികപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാരകത്തറ വലിയകുളങ്ങര റോഡിൽ പാതിരംകുളങ്ങര ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ 8.30 മുതൽ ആരംഭിച്ച ഉപരോധസമരം രാത്രിയാണ് അവസാനിച്ചത്.
നാലു കിലോമീറ്റർ ദൂരമുള്ള റോഡിൽകൂടി ദിനംപ്രതി സ്കൂൾ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് സഞ്ചരിച്ചുക്കുന്നത്. നിരവധി സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡാണിത്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം രണ്ടു കോടി രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 2022ൽ ആണ് ആരംഭിച്ചത്.
നിർമാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ മണ്ണു മാന്ത്രി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചിടുക മാത്രമാണ് ഉണ്ടായത്. രൂക്ഷമായ പൊടി ശല്യം കാരണം പ്രദേശവാസികൾക്ക് വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനം പോലും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ആഴ്ച അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ മരണപ്പെട്ട സാഹചര്യം ഉണ്ടായതായും പ്രതിഷേധക്കാർ പറഞ്ഞു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ സൂസി സമരക്കാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാം എന്നുള്ള ഉറപ്പ് പാലിക്കണമെന്നും അത് ഉണ്ടായില്ലെങ്കിൽ പൂർണമായും റോഡ് ഉപരോധിച്ചു കൊണ്ട് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും സമരക്കാർ പറഞ്ഞു. ഹരിപ്പാട് അഗ്നിശമന സേനാ വിഭാഗം പ്രവർത്തിക്കുന്നതും കുമാരപുരത്ത് അനന്തപുരം ഭാഗത്ത് ഈ റോഡിനോട് ചേർന്ന് തന്നെയാണ്. അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനം ദേശീയപാതയിൽ എത്തിച്ചേരണമെങ്കിൽ വളരെ സമയമെടുക്കുന്ന സാഹചര്യമാണ്.
content highlight : demolished-4-km-road-no-construction-done-even-after-2-years-finally-women-protests