കൽപ്പറ്റ: പഞ്ചാരക്കൊല്ലിയ്ക്ക് പുറമെ വയനാട് വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ. അറമല ഭാഗത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയാണെന്ന് തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതിനിടെ, ആർആർടി ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ പലതവണ കടുവയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാത്രിയോടെ കടുവ റോഡ് മുറിച്ചു കടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിടികൂടണമെന്നും അല്ലെങ്കിൽ വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നും നാട്ടുകാർ വ്യക്തമാക്കി. അതേസമയം, വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് താത്കാലിക വനംവാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെയാണ് കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
content highlight : locals-say-they-saw-a-tiger-in-wayanad-vaithiri-too