കൊച്ചി: മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടപടികൾ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നു വിചാരണക്കോടതി ഹൈക്കോടതിയിൽ അറിയിച്ചു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കി.
നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും അഭിമന്യു കേസിന്റെ വിചാരണ തുടങ്ങുകയെന്നും കോടതിയിൽ അറിയിച്ചു. ഹർജിയെ എതിർത്ത് കേസിലെ പ്രതികളും കക്ഷി ചേർന്നിരുന്നു. എന്നാൽ കോടതി ഇവരുടെ എതിർപ്പു കണക്കിലെടുത്തില്ല. വിചാരണക്കോടതി മാർച്ച് ആദ്യവാരം കേസ് പരിഗണിച്ചേക്കും. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. എന്നാൽ കേസിന്റെ ഹിയറിങ് ആദ്യ ഘട്ടത്തിൽ മാത്രമേ എത്തിയുള്ളൂ എന്നും ഉടനെ വിചാരണ ആരംഭിക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി നൽകിയത്. കേസിൽ 2018 സെപ്റ്റംബർ 24 ന് പൊലീസ് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.