തിരുവനന്തപുരം: റേഷൻ വ്യാപാരികൾ 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, സംഘടനാ നേതാക്കളുമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ തിങ്കളാഴ്ച മുതൽ റേഷൻ കടകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുമെന്നതിനാൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗോഡൗണുകളിൽനിന്നു റേഷൻ കടകളിലേക്കു വിതരണം നടത്തുന്ന ഗതാഗത കരാറുകാർ ഈ മാസം ആദ്യം മുതൽ പണിമുടക്കിലാണെന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.
വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം, മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. പണിമുടക്കിൽനിന്നു പിന്മാറണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ പ്രഖ്യാപനം വേണമെന്ന ആവശ്യത്തിൽ വ്യാപാരി സംഘടനകൾ ഉറച്ചുനിന്നതോടെയാണു ചർച്ച അലസിപ്പിരിഞ്ഞത്.
ധനമന്ത്രി 5 മിനിറ്റ് മാത്രമാണു യോഗത്തിൽ പങ്കെടുത്തതെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. സംഘടനാ നേതാക്കളായ ജി.സ്റ്റീഫൻ എംഎൽഎ, ജോണി നെല്ലൂർ, ജി.കൃഷ്ണപ്രസാദ്, പി.ജി.പ്രിയൻകുമാർ, ടി.മുഹമ്മദലി, ടി.ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി.മോഹനൻപിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നാലു സംഘടനകൾ ഉൾപ്പെട്ട റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.