തിരുവനന്തപുരം: അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഉത്തരവു പുറപ്പെടുവിച്ചത്. സമയത്തു പണം അനുവദിക്കാത്തതിനാൽ പോഷകബാല്യം പദ്ധതിപ്രകാരമുള്ള മുട്ട, പാൽ വിതരണം നിലച്ചതായി മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി വീണാ ജോർജ് വനിത– ശിശു വികസന വകുപ്പിൽനിന്നു വിശദാംശങ്ങൾ തേടി. അപ്പോഴാണ് ഫണ്ട് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചെന്നു മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഫണ്ട് അനുവദിക്കാൻ നിർദേശിച്ചു. സംഭവത്തെക്കുറിച്ചു വിശദീകരിക്കാൻ തിങ്കളാഴ്ച തന്റെ ഓഫിസിൽ എത്തണമെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 3 വയസ്സു മുതൽ 6 വയസ്സുവരെയുള്ള 4 ലക്ഷത്തോളം കുട്ടികൾക്കാണു സൗജന്യമായി മുട്ടയും പാലും നൽകുന്നത്.