തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നു. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്.
മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്.
വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റിരുന്നു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം.
വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വിജയൻറെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിജയനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.