17 നഗരങ്ങളിൽ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ദാതിയ, പന്ന, മണ്ഡ്‌ല, മുൾട്ടായി, മന്ദ്‌സൗർ, മൈഹാർ, ഓംകാരേശ്വർ, മഹേശ്വർ, മണ്ഡലേശ്വർ, ഓർച്ച, ചിത്രകൂട്, അമർകണ്ടക്, സൽകാൻപൂർ, ബർമാൻ കാല, ലിംഗ, കുന്ദൽപൂർ, ബന്ദക്പൂർ എന്നീ മേഖലകളിലാണ് മദ്യവിൽപ്പന നിരോധിച്ചത്.
മദ്യ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ നാടായ ഉജ്ജയിനുമുണ്ട്. ശ്രീകൃഷ്ണനും ശ്രീരാമനും മധ്യപ്രദേശിൽ കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് നർസിംഗ്പൂർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യപാനത്തിൻറെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കൾ രാജ്യത്തിൻറെ ഭാവി വാഗ്ദാനങ്ങളാണ്. അവർ മോശം വഴിയിലൂടെ സഞ്ചരിക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
17 പുണ്യ സ്ഥലങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹൻ യാദവ് അറിയിച്ചു. ഈ നഗരങ്ങളിലെ മദ്യവിൽപ്പനശാലകൾ എങ്ങോട്ടും മാറ്റിസ്ഥാപിക്കില്ലെന്നും പൂർണമായി അടച്ചുപൂട്ടുമെന്നുമാണ് അറിയിപ്പ്.