കൊല്ലത്ത് മൂന്നര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതികൾക്ക് 5 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 3.88 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കൊല്ലം സ്വദേശികളായ അനിൽകുമാർ, സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2021 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം ചിന്നക്കട ബസ് ഷെൽട്ടറിന് സമീപം ഉള്ള വീടിന്റെ സമീപത്ത് നിന്നും കൊല്ലം എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ കഞ്ചാവുമായി പ്രതികളെ പിടികൂടുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എസ്.കൃഷ്‌ണകുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം ഹാജരാക്കി. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായി.