ലോകത്ത് എല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് സാങ്കേതിക വിദ്യകളാണ് ദിവസവും ഉയർന്നുവരുന്നത്. അവയിൽ പലതും നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. ഒരു 25 വർഷം കഴിഞ്ഞുള്ള നമ്മുടെ ലോകത്തെ കുറിച്ച് ഇപ്പോഴെ കണക്ക് കൂട്ടലുകൾ കഴിഞ്ഞിരിക്കുന്നു. ഭൂമിയിൽ മാത്രമല്ല, അങ്ങ് ചന്ദ്രനിലും മനുഷ്യൻ അപ്പോഴേയ്ക്കും വാസം ഉറപ്പിക്കുമായിരിക്കും. എന്നാൽ അതിനൊരു വിലങ്ങുതടി വരുന്നുണ്ട്. ലോകത്തെ ദുര്‍ബലമായ പൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് വേള്‍ഡ് മോന്യുമെന്റ്‌സ് ഫണ്ട് (ഡബ്ല്യു.എം.എഫ്). ഇതാദ്യമായാണ് ഭൂമിക്ക് പുറത്തുള്ള ഒരിടം ഡബ്ല്യു.എം.എഫിന്റെ ദുര്‍ബലമായ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.
ഓരോ രണ്ടുവര്‍ഷത്തിലും അപകടാവസ്ഥയിലുള്ള ലോകത്തെ 25 പൈതൃക സ്ഥാനങ്ങളെ പട്ടികപ്പെടുത്തുന്ന പതിവ് വേള്‍ഡ് മോന്യുമെന്റ്‌സ് ഫണ്ടിനുണ്ട്. ഇതിന്റെ ഭാഗമായുള്ള 2025-ലെ വേള്‍ഡ് മോന്യുമെന്റ്‌സ് വാച്ച് പട്ടികയിലാണ് അമ്പിളിയമ്മാവനും ഇടംപിടിച്ചിരിക്കുന്നത്.
ബഹിരാകാശ പര്യവേഷണത്തില്‍ പുതിയൊരു യുഗം പിറക്കുന്ന സാഹചര്യത്തില്‍ നേരത്തേ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതുമായി ബന്ധപ്പെട്ടതിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ചന്ദ്രനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് കാരണമായി ഡബ്ല്യു.എം.എഫ്. പറയുന്നത്. ഇതിനായി അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. 2025-ലെ വേള്‍ഡ് മോന്യുമെന്റ്‌സ് വാച്ചില്‍ ഉള്‍പ്പെടുത്തിയതിലൂടെ ചന്ദ്രന്റെ പൈതൃകത്തെ കുറിച്ച് അവബോധമുണ്ടാക്കാനും അതിന്റെ സംരക്ഷണവുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറയുന്നു.
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ പ്രശാന്തിയുടെ സമുദ്രം ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ പട്ടികയിലുണ്ട്. അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയ മനുഷ്യനായ നീല്‍ ആംസ്‌ട്രോങ്ങിന്റെ കാല്‍പ്പാട് അവിടെ ഇപ്പോഴുമുണ്ട്. കൂടാതെ അപ്പോളോ 11 ദൗത്യവുമായി ബന്ധപ്പെട്ട, ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കളും അവിടെയുണ്ടെന്ന് ഡബ്ല്യു.എം.എഫ്. പറയുന്നു.
‘ഇതാദ്യമായാണ് ചന്ദ്രന്‍ ഞങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഭൂമിക്ക് പുറത്തുള്ള മനുഷ്യന്റെ ആദ്യ ചുവടുവെപ്പിന്റെ അടയാളങ്ങളായ പുരാവസ്തുക്കളുടെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ചന്ദ്രനെ ഇതില്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ സമയമാണ് ഇത്.’ -ഡബ്ല്യു.എം.എഫ്. പ്രസിന്റും സി.ഇ.ഒയുമായ ബെനെഡിക്ട് മോണ്ട്‌ലോര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങുന്നത് പകര്‍ത്തിയ ക്യാമറ പോലുള്ള വസ്തുക്കള്‍, ചന്ദ്രനിലിറങ്ങിയതിന്റെ ഓര്‍മ്മയ്ക്കായി നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും അവിടെ ഉപേക്ഷിച്ച ഡിസ്‌ക് എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് വസ്തുക്കള്‍ ആ പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. ഇവയുടെ സംരക്ഷണത്തിനുവേണ്ടി മതിയായ പ്രവര്‍ത്തനങ്ങളില്ലാതെ ചാന്ദ്രപര്യവേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത് അപകടകരമാണ്. ഭൂമിയിലേതാണെങ്കിലും ഭൂമിക്ക് പുറത്താണെങ്കിലും പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതിനായി എല്ലാവരും സഹകരിച്ചുള്ള സജീവമായ പദ്ധതികളുടെ ആവശ്യകതയെ അടിവരയിടുകയാണ് ചന്ദ്രനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്നും ബെനെഡിക്ട് മോണ്ട്‌ലോര്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHT: moon added to list of vulnerable sites-by world monuments fun